വെങ്ങാനൂർ മേക്കുംകര ശ്രീ നീലകേശി മുടിപ്പുര ചരിത്രം

ഒരിക്കൽ വെങ്ങാനൂർ പുത്തളത്തെ വലിയ കാരണവരുടെ അടുത്ത് രണ്ടു സ്ത്രീകളെത്തി കരിക്ക് ആവശ്യപ്പെട്ടു . കാരണവർ അവർക്കൊരു കരിക്കു നൽകി. കരിക്ക് കുടിച്ച ശേഷം അവർ പെട്ടന്ന് അപ്രത്യക്ഷരാവുകയായിരുന്നു. അവർക്ക് അവിടെ ഒരു സ്ഥാനം നൽകി കുടിയിരുത്തണമെന്നു പിന്നീട് കാരണവർക്ക് സ്വപ്നദര്ശനമുണ്ടായി , അതോടെ ഈ പ്രദേശത്തു മൂന്നു ക്ഷേത്രങ്ങളുണ്ടായി എന്ന് ഐതീഹ്യം . മേക്കുംകര നീലകേശി , ചെന്നയ്ക്കൽ നീലകേശി എന്നീ മുടിപ്പുരകളും ചെന്നയ്ക്കൽ ചാമുണ്ഡേശ്വരി ക്ഷേത്രവുമാണവ . കാലാന്തരത്തിൽ പുത്തളത്തു കുടുംബവും പേരയിൽ കുടുംബവും കീഴെ വീട്ടുകുടുംബവും തെക്കേ വീട്ടുകുടുംബവും ക്ഷേത്രകാര്യങ്ങളിൽ ബദ്ധശ്രദ്ധരായി . കൂടാതെ വെങ്ങാനൂർ , കടക്കുളം , പുല്ലൂർക്കോണം , പിറവിളാകം, പനങ്ങോട്, മുട്ടയ്‌ക്കാട്‌ , കോളിയൂർ , വെണ്ണിയൂർ , മുലയിൽ നടുവട്ടം , ആത്മബോധിനി എന്നീ കരക്കാരുടേയും എല്ലാ സാമുദായകരുടേയും സഹകരണം ക്ഷേത്രപുരോഗതിക്കു നിദാനമായി വർധിച്ചു വരുന്നു .
വെങ്ങാനൂർ മേക്കുംകര നീലകേശി മുടിപ്പുരയിലെ ഉത്സവങ്ങൾക്ക് ദക്ഷിണ കേരളമൊട്ടുക്ക് പ്രശസ്തി മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ദിക്ബലിക്കുമുണ്ട് എന്ന ഖ്യാതി . കിടാരക്കുഴി ബലിനീക്കിവള, കടക്കുളം , കോളിയൂർ, ആത്മബോധിനി എന്നീ നാലു ദിക്കുകളിലുമായാണ് പ്രസിദ്ധമായ ദിക്കുബലി നടക്കുക . ദിക്കുബലിക്കു ഒഴിവുബലിയുണ്ടാകും . അത് കീഴെവീട്ടിൽ ഊരുവിളാകം പുരയിടത്തിലാണ് നടക്കുന്നത്. നാലുദിവസങ്ങളിൽ നാലുകളത്തിലുംപോയി എഴുന്നെള്ളത്തുമുണ്ടാകും . ആറുവർഷത്തിലൊരിക്കൽ നടക്കുന്ന പറണേറ്റിനും സവിശേഷതകളേറെയാണ് . നാൽപത്തിയൊന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ ചടങ്ങുകൾ . മീന മാസത്തിലെ അശ്വതിക്ക് തിരുമുടി വെളിയിലിറക്കുന്നതാണ് ഇതിൽ പ്രധാന വിശേഷം. മറ്റൊരു പ്രധാന ചടങ്ങു കളംകാവലാണ്. അതുപോലുള്ള വിശേഷമാണ് ഉച്ചബലി . പച്ചപ്പന്തലിൽ തിരുമുടിവച്ച ശേഷം വെങ്ങാനൂർ പേരയിൽ ക്ഷേത്രം, ചെന്നയ്ക്കൽ നീലകേശി ക്ഷേത്രം , ഉരുവിളാകം ക്ഷേത്രം എന്നിവിടങ്ങളിലെത്തി പ്രത്യേക പൂജയുമുണ്ടാകും . ഏതു കഴിഞ്ഞാൽ കളംകാവലാണ് . പച്ചപ്പന്തലിലെ പൂജകൾക്കുശേഷം വൈകുന്നേരം പൂജാരി തിരുമുടി തലയിലേറ്റി മുടിപ്പുരയെ വലംവയ്ക്കുന്നു. പത്തിരുപതു പ്രാവശ്യം നടക്കുന്ന പരിപാവനമായ ഈ ചടങ്ങു കാണാൻ ഭക്തജനത്തിരക്കുണ്ടാകും . സമാപനത്തിന് താലപ്പൊലിയോടെയുള്ള കളംകാവലാണ് അരങ്ങൊരുക്കുക . അണിഞ്ഞൊരുങ്ങിയ ആയിരക്കണക്കിനു ബാലികമാർ തലത്തിലെടുത്ത ദീപവുമായി ചെന്നയ്ക്കൽ നീലകേശിക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു വെങ്ങാനൂർ മേക്കുംകര കലംകാവലിനോട് ചേരും. അപ്പോൾ അവിടെ ഗംഭീരമായ വെടിക്കെട്ട് നടക്കും. ഭഗവതിക്ക് താലപ്പൊലി നടത്തുന്നതിൽ അതീവ സന്തുഷ്ടരാണ് ഇന്നാട്ടിലെ ജനങ്ങളെന്നു ബോധ്യപ്പെടുന്ന നാളുകൾ . എത്ര ദൂരെ താമസിക്കുന്നവരായാലും താലപ്പൊലി ദിവസം ഇന്നാട്ടിലെത്തും . അപ്പോൾ നാലു ദിക്കിലുമുള്ള എല്ലാ വീടുകളിലും നിറപറയുണ്ടാകും . തങ്കതിരുമുടി എഴുന്നെള്ളി എത്തുംമ്പോൾ ദേവിയുടെ അനുഗ്രഹത്തിനായി മുഴുവൻ ഭക്തജനങ്ങളും അവിടെ കാത്തുനിൽക്കുന്നുണ്ടാകും . ഓരോ ദിവസവും ഉത്സവം അവസാനിക്കുന്നത് ആറാട്ടോടുകൂടിയാണ് . ഭക്ത്യാദരപൂർവ്വം നടക്കുന്ന ഈ ആറാട്ടു വെണ്ണിയൂർ കുളത്തിലാണ് . പറണേറ്റ് അവസാനിക്കുന്നതും ആറാട്ടോടെയാണ് .
വെങ്ങാനൂർ ജംഗ്ഷൻ ഒരു നാൽക്കവല. വെങ്ങാനൂർ - കിഴക്കേകോട്ട റോഡും , വിഴിഞ്ഞം റോഡും, പള്ളിച്ചൽ - വിഴിഞ്ഞം റോഡും , വെങ്ങാനൂർ - കിടാരംകുഴി റോഡും സന്ധിക്കുന്ന കവല . ഹയർസെക്കണ്ടറി സ്കൂളുകളും വിദ്യാധിരാജസ്‌ക്കൂളും അയ്യങ്കാളി സ്മാരകസ്കൂളും പാഞ്ചജന്യം എന്ന അയ്യങ്കാളി സ്‌മൃതിമണ്ഡപവുമൊക്കെയുള്ള വെങ്ങാനൂർ ജംഗ്ഷൻ . അവിടെനിന്നും കിടാരംകുഴി റോഡിലൂടെ കുറച്ചു മുന്നോട്ടുപോയാൽ മുടിപ്പുരനട സ്കൂളും നീലകേശി കല്യാണമണ്ഡപവും കാണാം . അതിനടുത്തു നീലകേശിക്ഷേത്രം . ക്ഷേത്രത്തിൻ്റെ ഇടതുവശത്തു വിശാലമായപാടം. നെല്ലും മരച്ചീനിയും നേന്ത്രവാഴയും പച്ചക്കറികളും മാറിമാറി കൃഷി ചെയ്തുവരുന്ന വയലേല . ചുറ്റുമതിലിനകം വിസ്തൃതമാണ് . പടികളിറങ്ങി ചെല്ലുന്നിടത്തു പാലമരവും പഴക്കം ചെന്ന ആൽമരവുമുണ്ട്. ശ്രീകോവിലിൽ പ്രധാനദേവി - നീലകേശി തിരുമുടിയാണ് പ്രതിഷ്ഠ . ശ്രീകോവിലിനു ചുറ്റും അഴികളുള്ള നാലമ്പലം . ചന്തത്തിൽ തൂങ്ങുന്ന തൂക്കുവിളക്കുകൾ , ശ്രീവോവിലിനു മുന്നിൽ നടശ്ശാലയുമുണ്ട് .രണ്ടുപൂജ ,രാവിലെ ആര് മുതൽ ഒൻപതു വരെയും വൈകിട്ട് അഞ്ചു മുതൽ എട്ടു വരെയുമാണ് ക്ഷേത്രനട തുറന്നിരിക്കുന്നത്. പണ്ട് ഒരു നേരമേ പൂജ ഉണ്ടായിരുന്നുള്ളൂ . അക്കാലത്തു മധുപൂജയുണ്ടായിരുന്നു. വിശ്വകർമ സമുദായത്തിൽപ്പെട്ട കൊല്ലന്മാരാണ് പൂജാരി. ഇവരെ വാഴ്ത്തിമാർ എന്നാണ് അറിയപ്പെടുന്നത് . പൂജ തുടങ്ങിക്കഴിഞ്ഞാൽ തീരുന്നതുവരെ കരടി ക്കൊട്ടുള്ള അപൂർവക്ഷേത്രവുമാണിത് . രണ്ടു ഭാഗവും കൂട്ടാവുന്ന വലിയ വാദ്യോപകരണമാണ് ഈ കൊട്ടിനുപയോഗിക്കുന്നത്. വെങ്ങാനൂരിലെ പറ നിവേദ്യത്തിനു പണ്ടേ പെരുമ . പുന്നെല്ലു വറുത്തു മലരുണ്ടാക്കി തയ്യാറാക്കുന്ന വഴിപാടാണിത് . കൂടാതെ കരിക്കിൻ നിവേദ്യവുമുണ്ട് . പുഷ്പാഞ്ജലി , പിടിപ്പണം, തുലാഭാരം തുടങ്ങി ഒട്ടേറെ വഴിപാടുകളുണ്ട് . മണ്ഡലകാലവും കർക്കിടകവും മുടിപ്പുരയിലെ വിശേഷങ്ങളാണ്.
മേക്കുംകര നീലകേശിമുടിപ്പുരയുടെ മൂലസ്ഥാനം കന്യാകുമാരി ജില്ലയിലെ ഇടകവേലി എന്ന സ്ഥലത്താണ് . അവിടെയും നീലകേശിമുടിപ്പുരയുണ്ട്. ആ സ്ഥലത്തുള്ള ഒരു നായർ തറവാട്ടിലെ പെൺകുട്ടി പറയ സമുദായത്തിൽപ്പെട്ട ഒരു വീട്ടിൽ തീ വാങ്ങാൻ പോയി . തീ കൊണ്ടുവരുന്നതിനിടയിൽ കുട്ടിയുടെ കൈക്കു പൊള്ളലേറ്റു . ഇതുകണ്ട് പറയ സമുദായക്കാരിയായ കൂട്ടുകാരി ഓടിവരികയും പൊള്ളിയ കൈ വായോടു ചേർത്ത് പിടിച്ചു അവളെ ആശ്വസിപ്പിക്കുകയും ചെയ്തു . ഒടുവിൽ ഭക്ഷണവും നൽകിയാണ് അയൽക്കാരിയായ സ്നേഹിത അവളെ യാത്രയാക്കിയത് . തീയുമായി എത്തിയ കുട്ടിയെ വീട്ടുകാർ ശകാരിക്കുകയും ആ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിൽ പ്രതിഷേധിച്ചു മർദിക്കുകയും ചെയ്തു . ക്രൂരമായ മർദ്ദനം സഹിക്കാനാവാതെ കുട്ടി കുളത്തിലേക്ക് എടുത്തുചാടി. അത് കണ്ടു അവളുടെ ജേഷ്ഠത്തികൂടെ ചാടുകയും തൊട്ടുപുറകേ ഇതിനെല്ലാം സാക്ഷിയായ താണ സമുദായത്തിൽപ്പെട്ട കൂട്ടുകാരിയും കുളത്തിലേക്ക് ചാടുകയായിരുന്നു . ഉടൻ തന്നെ മൂവരും അപ്രത്യക്ഷരാവുകയും അതിനുശേഷം അവിടെനിന്നും കിട്ടിയത് മൂന്നു മുടികളുമായിരുന്നു. അതിനെ തുടർന്ന് ക്ഷേത്രമുണ്ടാവുകയും ക്ഷേത്രഭരണം നായർ സമുദായങ്ങളും പൂജാദി കർമങ്ങൾ പറയ സമുദായത്തിൽപെട്ടവരും നടത്തിപ്പോരുകയും ചെയ്തു. ഇട്ടകവേലി പനങ്ങോട് കുടുംബവുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രം . തമിഴ്‌നാട്ടിലെ ഈ ക്ഷേത്രത്തിനു വെങ്ങാനൂരമായും ബന്ധം . അവിടത്തെപോലെ പനങ്ങോടും മുട്ടക്കാടും നീലകേശിമുടിപ്പുരയും ഇവിടെയുമുണ്ട്.